Friday, April 2, 2010

ചെറുവത്താനി തേവര്‍ [നരസിംഹമൂര്‍ത്തി] ക്ഷേത്രം

ചെറുവത്താനി തേവര്‍ [നരസിംഹമൂര്‍ത്തി] ക്ഷേത്ര ചരിത്രം മുതലായവ അടങ്ങുന്ന ഒരു ചെറിയ പോസ്റ്റ് താമസിയതെ പ്രതീക്ഷിക്കാം.Posted by Picasa

++++++

ചെറുവത്താനി തേവര്‍ [നരസിംഹമൂര്‍ത്തി] ക്ഷേത്രം കുന്നംകുളത്തുനിന്നി പടിഞ്ഞാറ് ആല്‍ത്തറക്ക് പോകുന്ന റോഡില്‍ ഏതാണ്ട് മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ചിറവക്കഴ പാലം കഴിഞ്ഞാല്‍ ഈ പ്രദേശമായി.

കൂടുതലായി കവുങ്ങും ഇടകലര്‍ന്ന് കുറച്ച് തെങ്ങുമാണ് ഇവിടുത്തെ പ്രധാന കൃഷി. പടിഞ്ഞാറെ അതിര്‍ത്തിയില്‍ വെള്ള മണ്ണ് തുടങ്ങുന്ന ഭാഗം കവുങ്ങ് തീരേ ഇല്ല. തെങ്ങ് മാത്രം. രണ്ട് സ്ഥലത്തും മറ്റുമരങ്ങളും ഉണ്ട്. തുടക്കത്തില്‍ ചുവന്ന മണ്ണും അവസാനം വെളുത്ത മണ്ണും. അമ്പലപരിസരത്ത് പുഞ്ചകൃഷിയും വെളുത്ത മണ്ണുള്ള അവസാനത്തെ ഭാഗത്ത് ഇരിപ്പൂ വട്ടന്‍ നിലങ്ങളുമാണ്.

ക്ഷേത്രത്തിന് അല്പം പടിഞ്ഞാറ് പോസ്റ്റാഫീസ് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തിന് തെക്കേ മുക്ക് എന്ന് ഈ നാട്ടുകാര്‍ വിളിക്കുന്നു. അവിടുന്ന് തെക്കോട്ട് ആക്കലക്കുന്ന്. അതിന്നപ്പുറം അഞ്ഞൂര്‍ ദേശം.

ചെറുവത്താനിയുടെ വടക്കുഭാഗത്തുള്ള റോഡ് ചെന്നവസാനിക്കുന്നത് പുഞ്ചപ്പാടത്താണ്. പാടത്തിന്റ്റെ അരികില്‍ ഒരു കാവുണ്ട്. അതാണ് ആറാട്ട് കടവ് അയ്യപ്പന്‍ കാവ്. പണ്ട് ഒരു കാഞ്ഞിരത്തിന്റെ അടിയിലായിരുന്നു പ്രതിഷ്ഠ. ഇപ്പോള്‍ അമ്പലം പണി കഴിപ്പിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവവും നടത്തിവരുന്നു. പ്രധാനമായി കാവിടിയും മേളങ്ങളും.

ചെറുവത്താനിയില്‍ മറ്റു പല ക്ഷേത്രങ്ങളും ഉണ്ട്. ഈ പംക്തി പ്രധാനമായും തേവര്‍ ക്ഷേത്രത്തിനെ പറ്റിയാകയാല്‍ മറ്റുള്ളവക്ക് പ്രാധാന്യം കൊടുക്കുന്നില്ല.

ഈ ഗ്രാമത്തിനെപറ്റി രണ്ട് വാക്ക് പറഞ്ഞെന്ന് മാത്രം.

ചെറുവത്താനി അവസാനിക്കുന്നത് വടുതല സ്കൂളിന്റെ അതിര്‍ത്തിയിലാണ്. ഈ നാട്ടിലെ കുട്ടികളെല്ലാം പണ്ടത്തെ കാലത്ത് ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. ഈ ലേഖകനുള്‍പ്പെടെ. വടുതല സ്കൂളിലേക്ക് പോകുന്ന വഴി എരുകുളം കാണാം. പണ്ട് ഈ കുളത്തിന്റെ ചുറ്റും ഇരുപ്പൂ നിലങ്ങളായിരുന്നു. ഇപ്പോള്‍ അതെല്ലാം തൂര്‍ത്ത് വീടുകള്‍ നിറഞ്ഞു.

ഇത്രയുമാണ് ചെറുവത്താനി ഗ്രാമത്തിനെപ്പറ്റി ചുരുക്കിപ്പറയാന്‍ കഴിയുന്നത്.


1169 കുംഭമാസം പതിനാലാം തീയതി [24-02-1994] തേവര്‍ ക്ഷേത്രനടയില്‍ അഷ്ടമംഗല്യ പ്രശ്നം നടത്തി.
+
സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഈ താഴ്വര റ്ഷിവര്യന്മാരുടെ തപോവനകേന്ദ്രമായിരുന്നു. വിഷ്ണുഭക്തനായ ഒരു സന്യാസി ദേവോപാസനയില്‍ നിമഗ്നനായിരിക്കുമ്പോള്‍ ഒരിക്കല്‍ നരസിംഹസാന്നിദ്ധ്യമുണ്ടായി. പരമഭക്തനായ അദ്ദേഹം ദേഹപരിത്യാഗം നടത്തി സര്‍പ്പരൂപത്തില്‍ ജന്മമെടുത്ത് ഭൂമിക്കടിയില്‍ പ്രവേശിച്ച് നരസിംഹസാന്നിദ്ധ്യത്തോടെ സായൂജ്യമടഞ്ഞു.
+
പില്‍ക്കാലത്ത് ഈ പ്രദേശത്തിന്റെ ഭരണാധികാരി നരസിംഹസാന്നിദ്ധ്യമുള്ള സ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിച്ച് രാജ്യപരിപാലനം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നെത്തെ ക്ഷേത്രേശന്മാര്‍ക്ക് ഈ ക്ഷേത്രസ്ഥാനം ലഭിക്കുകയും ഈ കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമാണ് സങ്കല്പം.
+
2004 ഏപ്രില്‍ 11 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞം നടന്നു. 1997 മാര്‍ച്ച് 3 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായി നവീകരണകലശവും, അഷ്ടബന്ധകലശവും നടന്നു. പിന്നീട് 2007 മെയ് 13 മുതല്‍ 20 വരെ ശ്രീമത് ഭാഗവത സപ്താഹയജ്ഞം നടത്തപ്പെട്ടു.
+
2004 ഏപ്രില്‍ മൂന്നാം പതിമൂന്നാം തീയതി സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തില്‍ കാവടിയാട്ടവും, ആനപ്പൂരവും മറ്റു ആഘോഷപ്പരിപാടികളും നടത്താറുണ്ട്. ഏഴുദിവസത്തെ താന്ത്രിക ചടങ്ങുകളോടെ കുംഭമാസത്തിലെ ഉത്രട്ടാതി നാള്‍ ഭഗവാന്റെ ആറാട്ട് മഹോത്സവം ഉത്സവമായി ആഘോഷിക്കുന്നു.
+
അന്നേ ദിവസം കാവടിയാട്ടവും, ആനപ്പൂരവും, തെയ്യവും, കാളിവേലയും മറ്റു ആഘോഷപരിപാടികളും ഉണ്ടായിരിക്കും. രാമായണമാസാചരണത്തിന്‍ പുറമെ നരസിംഹാവതാരദിനം, കുചേലദിനം, പൂജവെപ്പ്, ശ്രീകൃഷ്ണജയന്തി ആഘോഷം എന്നിവയും ക്ഷേത്രത്തില്‍ ആഘോഷിച്ചുവരുന്നു.
+
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുന്‍പ് ചെയ്ത് തീര്‍ത്ത കാര്യങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും, കൂടുതലായി ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ അറിയാനുമായി രണ്ടാമതൊരു പ്രശ്ന ചിന്ത നടത്തുകയും, ആയതില്‍ നിര്‍ദ്ദേശിച്ചപ്രകാരം ഉപദേവതകള്‍ക്ക് രണ്ട് ക്ഷേത്രങ്ങള്‍ പണിതുകഴിയുകയും , 2004 മേയ് 5 മുതല്‍ 11 വരെയുള്ള 7 ദിവസങ്ങളില്‍ ഉപദേവതാപ്രതിഷ്ടകളും പരിഹാരകര്‍മ്മങ്ങളും ദ്രവ്യകലശവും വിപുലമായിത്തന്നെ നടത്തപ്പെടുകയുണ്ടായി.
+
കുന്നംകുളത്ത് നിന്ന് മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനിയില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൊടുവീര്യമുള്ള സര്‍പ്പദര്‍ശനമേറ്റാലും ഈ ഷേത്രപരിസരത്തുള്ളവര്‍ക്ക് ആളപായമുണ്ടാവില്ല എന്ന ഒരു വിശ്വാസം പുരാതനകാലം മുതല്‍ നിലനില്‍ക്കുന്നു. ക്ഷേത്രസന്നിധിയില്‍ വെച്ച് കള്ള സത്യം പറഞ്ഞതിന്റെ പേരില്‍ ബിംബം പിളര്‍ന്ന് പൊട്ടിയ ചരിത്രവും പറഞ്ഞ് കേള്‍ക്കുന്നു. ഉഗ്രമൂര്‍ത്തിയായ ഈശ്വരന്‍ ക്ഷിപ്രപ്രസാദിയാണെന്നും ഭക്തര്‍ വിശ്വസിച്ച് പോരുന്നു.
++